'നമ്മുടെ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജാതിയുടേയും മതത്തിന്റെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്'

ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ ഗോപിയോ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

“ഞാനിവിടെ എത്തിയിരിക്കുന്നത് നമ്മുടെ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നതിനേക്കുറിച്ച് നിങ്ങളോട് സംസാരിക്കുവാനാണ്. നമ്മുടെ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജാതിയുടേയും മതത്തിന്റെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം അരക്ഷിതരായ ഒരു യുവ ജനതയേയാണ് സൃഷ്ടിക്കുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോഴും യുവാക്കളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കുകയാണ് ഈ സര്‍ക്കാര്‍, രാഹുല്‍ പറഞ്ഞു. നിങ്ങളും രാജ്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. നിങ്ങള്‍ ലോകത്തിലെവിടെയാണെങ്കിലും ഇന്ത്യയുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി ഞാനുണ്ടാവും രാഹുല്‍ പറഞ്ഞു.

ബഹ്‌റിന്‍ രാജാവുമായി കൂടിക്കാഴ്ച നടന്നുവെന്നും ഇന്ത്യേയും ബഹ്‌റിനേയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്സ് അദ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി ബഹ്‌റിനില്‍ എത്തിയിരുന്നു. ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.

ബഹ്‌റിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലയിലുള്ള സഹകരണവും സാധ്യമാകുന്നതിന് ശക്തമായ അടിത്തറ കെട്ടിപ്പെടുക്കുന്നതിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കീരീടവകാശിയും തമ്മിൽ ചർച്ച നടത്തി.