കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തു. തമിഴ് ജനതയെ അവഗണിക്കാൻ കഴിയുമെന്നും തമിഴ് ഭാഷയെയും തമിഴ് സംസ്കാരത്തെയും മാറ്റിനിർത്താമെന്നും കരുതുന്നവർക്ക് ഒരു സന്ദേശം നൽകാനാണ് താൻ ഇവിടെയെത്തിയതെന്ന് സംസ്ഥാനത്തെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കട്ടിൽ പങ്കെടുത്ത രാഹുൽ ഗാന്ധി പറഞ്ഞു.
“തമിഴ് സംസ്കാരവും, ചരിത്രവും ഇന്ത്യയുടെ ഭാവിക്ക് അനിവാര്യമാണെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു,” കോൺഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയുടെ മേധാവി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മധുരയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച കോൺഗ്രസ്-ഡിഎംകെ സഖ്യം സംസ്ഥാനത്തെ 38 ലോക്സഭാ സീറ്റുകളിൽ 31 ലും വിജയിച്ചു.
“തമിഴ് സംസ്കാരത്തിന്റെയും, ചരിത്രത്തിൻെറയും ഭാഗമായ ജല്ലിക്കട്ട് കാണുന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ഞാൻ തമിഴ് ജനതയോട് നന്ദി പറയുന്നു. ഞാൻ ഒരു തവണയല്ല, നിരവധി തവണ ഇവിടെ തിരിച്ചെത്തും,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മുതിർന്ന പാർട്ടി നേതാക്കളായ കെ സി വേണുഗോപാൽ , സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അളഗിരി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
“ചിട്ടയായും സുരക്ഷിതവുമായാണ് ജല്ലിക്കട്ട് സംഘടിപ്പിക്കുന്നത്, കാളകളും മത്സരത്തിൽ പങ്കെടുക്കുന്ന ചെറുപ്പക്കാരും സുരക്ഷിതരാണെന്നും എല്ലാവർക്കും വേണ്ട ശ്രദ്ധ നൽകുന്നുണ്ടെന്നും അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ജല്ലിക്കട്ടുമായി ബന്ധപ്പെട്ട് ഇരട്ട നിലപാടെടുത്തതിൽ കോൺഗ്രസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
2016 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രികയിൽ അധികാരത്തിൽ വന്നാൽ ജല്ലിക്കട്ട് നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസും (പെറ്റ) സമർപ്പിച്ച ഹർജികളെ തുടർന്ന് 2014ൽ സുപ്രീംകോടതി ജല്ലിക്കട്ട് വിനോദം നിരോധിച്ചിരുന്നു.
തമിഴ്‌നാടിന്റെ സംസ്കാരത്തിനും സ്വത്വത്തിനും ജല്ലിക്കട്ട് നിർണായകമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ചെന്നൈയിൽ വൻ പ്രതിഷേധത്തെ തുടർന്ന് നിയമ ഭേദഗതി വരുത്തി 2017ൽ നിരോധനം നീക്കി.