'രാഹുല്‍ ഗാന്ധി എന്നെ തീവ്രവാദിയെന്ന് വിളിച്ചു, കോണ്‍ഗ്രസ് പഞ്ചാബിലെ വോട്ടര്‍മാരെ വിരട്ടുകയാണ്; അരവിന്ദ് കെജ്‌രിവാൾ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചുവെന്ന് ആപ് നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ . ‘രാഹുല്‍ ഗാന്ധി എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നു. ഇതിന്റെ മറുപടി ഫെബ്രുവരി 20ന് അദ്ദേഹം ശരിക്കും അറിയും’ -കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദിയുടെ വീട്ടിലും കാണാന്‍ കഴിയുമെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു. അതിന് മറുപടിയുമായാണ് കെജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കും.

ഭരണകക്ഷിയായ കോണ്‍ഗ്രസ് വ്യവസായികളെയും സാധാരണക്കാരെയും പോലും ഭയപ്പെടുത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ അവരോട് ചോദിച്ചാല്‍, സത്യം പറയാന്‍ പോലും അവര്‍ക്ക് ഭയമാണ് -കെജ്‌രിവാള്‍ പറഞ്ഞു.

Read more

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേയാണ് വാക്‌പോരുമായി കോണ്‍ഗ്രസ്-ആപ് നേതാക്കള്‍ കളംനിറയുന്നത്. ആപ് നേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ‘എന്ത് സംഭവിച്ചാലും ഒരു കോണ്‍ഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ ഒരിക്കലും കാണാനാകില്ല. എന്നാല്‍, ചൂലിന്റെ (എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ കണ്ടെത്താം. എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന.