'ഗുജറാത്ത് മോഡല്‍' കര്‍ണാടകയിലും പരീക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാനായി ഒരുങ്ങുന്നു. ഗുജറാത്തില്‍ നടത്തിയ പോലെ കര്‍ണാടകയിലും പര്യടനം നടത്തും. അടുത്ത മാസം 10 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കര്‍ണാടകയില്‍ പര്യടനം ആരംഭിക്കും. ഇതിനു ശേഷം മൂന്നു ത്രിദിന പരിപാടികളും സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

ചര്‍ച്ചയില്‍ കര്‍ണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ജി.പരമേശ്വര, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ബി.കെ.ഹരിപ്രസാദ് എന്നിവരും കര്‍ണാടകത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരും സംബന്ധിച്ചു.

എല്ലാവരും സൂക്ഷിച്ച് സംസാരിക്കണം. പല നേതാക്കളുടെയും നാവു പിഴയ്ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമായി മാറുന്നുണ്ട്. നല്ല ഉദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ പോലും പല തരത്തില്‍ ദുര്‍വ്യാഖ്യാനമുണ്ടാകുന്നു. ഇതു സംബന്ധിച്ച് നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചു.

ഗുജറാത്ത് തെരെഞ്ഞടുപ്പ് കാലത്ത് പ്രധാനമന്ത്രിക്കെതിരെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 56,000 ബൂത്തുകളില്‍നിന്നു തിരഞ്ഞെടുത്ത സജീവപ്രവര്‍ത്തകര്‍ക്കു മണ്ഡലതല പരിശീലനം നല്‍കുകയാണ്. പുതിയ രീതിയല്‍ ഒരു ബസില്‍ കയറി യാത്ര ചെയ്തു കൊണ്ട് എല്ലാ നേതാക്കളും പ്രചാരണം നടത്താന്‍ തീരുമാനിച്ചു.