പാർലമെന്റിൽ സുരക്ഷാവീഴ്ച സംഭവിച്ചപ്പോൾ ബിജെപി എംപിമാർ പേടിച്ചോടിയെന്ന് രാഹുൽ ഗാന്ധി

പാർലമെന്റിൽ സുരക്ഷാവീഴ്ചയുണ്ടായപ്പോൾ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഡൽഹി ജന്തർമന്തറിൽ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.

സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ തന്നെ എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിനുള്ള ഉത്തരമെന്നും രാഹുൽ പറഞ്ഞു.ഡിസംബർ 13ലെ പാർലമെന്റ് സുരക്ഷാവീഴ്ച അത്തരത്തിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനെ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി അനുകരിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിലും രാഹുൽ പ്രതികരിച്ചു‌. മാധ്യമങ്ങൾ സംസാരിക്കുന്നത് തൊഴിലില്ലായ്മയെ കുറിച്ചല്ല മറിച്ച് സസ്പെൻഷനിലായ എംപിമാർ പാർലമെന്റിന് പുറത്ത് ഇരിക്കുന്ന വീഡിയോയെക്കുറിച്ചാണെന്ന് രാഹുൽ പറഞ്ഞു.