'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്കെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. ജനാധിപത്യ രീതിയില്‍ സഭയില്‍ നടപടിക്രമങ്ങള്‍ നടത്താനുള്ള ശരിയായ രീതി ഇതല്ലെന്നും രാഹുല്‍ ഗാന്ധി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ലക്ഷ്യമിട്ട് പറഞ്ഞു. സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം അംഗീകരിക്കുന്നുണ്ട്.

‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ സ്പീക്കര്‍ സഭയില്‍ നിന്ന് ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ പോയി, എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറയുകയും ചെയ്തു. സംസാരിക്കാന്‍ അവസരം തരുന്നതിന് പകരം സ്പീക്കര്‍ സഭ പിരിച്ചുവിട്ടു, അതിന്റെ ആവശ്യമില്ലായിരുന്നു,’

പ്രതിപക്ഷ നേതാവിന് സഭയെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കുന്നതാണ് പാര്‍ലമെന്റിലെ സാമ്പ്രദായിക രീതിയെന്നും റായ് ബറേലി എംപി പറയുന്നു.

‘ഞാന്‍ എഴുന്നേല്‍ക്കുമ്പോഴൊക്കെ എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല എന്നതാണ് അവസ്ഥ. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് പറയാന്‍ ഞങ്ങള്‍ക്ക് അവസരമില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല ഈ ദിവസങ്ങളിലെല്ലാം നിശബ്ദനായി ഇരിക്കുകയായിരുന്നു. ഞാന്‍ ഒരു വാക്കുപോലും പറഞ്ഞില്ല. 7-8 ദിവസമായി സംസാരിക്കാന്‍ ലോക്‌സഭയില്‍ സ്പീക്കര്‍ അനുവദിക്കുന്നില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് സ്ഥാനമില്ല.

പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്കും ചിലത് കൂട്ടിചേര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു വെന്നും അതിന് അവസരം അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴും ഇതായിരുന്നു അവസ്ഥ. തനിക്ക് ആ വിഷയത്തിലും സംസാരിക്കാന്‍ അനുവാദം കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അനുവാദമില്ല. ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണെന്നും ശക്തമായ ഭാഷയില്‍ സ്പീക്കറെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ലോക്‌സഭ പിരിച്ചുവിടുന്നതിന് മുമ്പായി സഭയിലെ പെരുമാറ്റച്ചട്ടം പാലിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ ഓം ബിര്‍ല നല്‍കിയിരുന്നു. ഈ സഭയുടെ ഉന്നത നിലവാരം പുലര്‍ത്തുന്നതല്ല അംഗങ്ങളുടെ പെരുമാറ്റം എന്ന് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അച്ഛന്‍-മകള്‍, അമ്മ-മകള്‍, ഭര്‍ത്താവ്-ഭാര്യ എന്നിവരെ അംഗങ്ങളായി ഈ സഭ പലകുറി കണ്ടിട്ടുള്ളതാണെന്ന പരാമര്‍ശവും സ്പീക്കര്‍ നടത്തി. ഈ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സഭയില്‍ ചട്ടം 349 അനുസരിച്ച് പെരുമാറുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഓം ബിര്‍ല പറയുകയുണ്ടായി.