കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം നടപ്പാക്കാനുള്ള നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണെന്നു രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യാ രാജ്യം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.’എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം.
‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും എല്ലാ സംസ്ഥാനങ്ങൾക്കും മേലുള്ള ആക്രമണമാണ്’
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നതാണ്. ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻകെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരെയാണ് മറ്റ് സമിതി അംഗങ്ങളായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
സമിതിയിലേക്ക് ഇല്ലെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് എന്ന കാരണം പറഞ്ഞു ഗുലാം നബി ആസാദിനെ സമിതിയിലുൾപ്പെടുത്തി. എന്നാൽ, രാജ്യസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയെ തഴഞ്ഞു. തന്നോട് സമ്മതം ചോദിക്കാതെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അതുപോലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഖാര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായി പ്രതിഷേധിച്ചുമാണ് സമിതിയിലേക്ക് ഇല്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.