റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്.

റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഇന്ന് രാവിലെയാണ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. അമേഠിയിൽ ബിജെപിയുടെ സിറ്റിംഗ് എംപി സ്മൃതി ഇറാനിക്കെതിരെ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയാണ് കോൺഗ്രസ് സ്ഥാനാർഥി.

യുപി മന്ത്രി ദിനേശ് പ്രതാപ് സിങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി. 2019ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്.