പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ബുധനാഴ്ച തമിഴ്‌നാട് സന്ദർശിക്കും. കാളയെ മെരുക്കുന്ന വിവാദ വിനോദമായ “ജല്ലിക്കട്ടിനും രാഹുൽ സാക്ഷ്യം വഹിക്കും.
കർഷകർക്ക് പിന്തുണ അറിയിക്കുന്നതിനായാണ് മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് നേതാവ് കാണുന്നതെന്ന് പാർട്ടിയുടെ തമിഴ്‌നാട് മേധാവി കെ.എസ്. അളഗിരി പറഞ്ഞു. “കാള കർഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്,” അളഗിരി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സന്ദർശനം വിളവെടുപ്പ് ദിനത്തിൽ കർഷകരെയും അവരുടെ ധീരമായ തമിഴ് സംസ്കാരത്തെയും ആദരിക്കുന്നതിനാണെന്നും കോൺഗ്രസ് എം.പി അന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒന്നും പങ്കെടുക്കില്ലെന്നും അളഗിരി കൂട്ടിച്ചേർത്തു.
തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ “രാഹുലിൻ തമിഴ് വണക്കം എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം പാർട്ടി തീരുമാനിച്ചിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി മധുരയിൽ നാല് മണിക്കൂറാണ് ചെലവഴിക്കുക.
മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസും (പെറ്റ) സമർപ്പിച്ച ഹർജികളെ തുടർന്ന് 2014 ൽ സുപ്രീംകോടതി ജല്ലിക്കട്ട് വിനോദം നിരോധിച്ചിരുന്നു.
തമിഴ്‌നാടിന്റെ സംസ്കാരത്തിനും സ്വത്വത്തിനും ജല്ലിക്കട്ട് നിർണായകമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ചെന്നൈയിൽ വൻ പ്രതിഷേധത്തെ തുടർന്ന് നിയമ ഭേദഗതി വരുത്തി 2017 ൽ നിരോധനം നീക്കി.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് സർക്കാർ ഈ വർഷം ജല്ലിക്കട്ട് അനുവദിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെയും കളിക്കാരുടെ എണ്ണം 150 ൽ കൂടുതലാകരുത്, പങ്കെടുക്കുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കാണികളുടെ എണ്ണവും പകുതിയായി പരിമിതപ്പെടുത്തി.
Read more
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 38 സീറ്റുകളിൽ 37 ലും വിജയിച്ച ഡിഎംകെ-കോൺഗ്രസ് സഖ്യം, നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.