121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് പുലർച്ചയോടെ അലിഗഢിലെത്തിയാണ് രാഹുലിന്റെ സന്ദർശനം. തങ്ങൾക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായി ഇരകളിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.
രാവിലെ തന്നെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട രാഹുൽ റോഡ് മാർഗം ഉത്തർപ്രദേശിലെ ഹത്രാസിലേക്കാണ് യാത്ര തിരിച്ചത്. സംഭവത്തിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് സ്ഥലം സന്ദർശിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, സംസ്ഥാന കോൺഗ്രസ് ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ്, മറ്റ് ഭാരവാഹികൾ എന്നിവർ സന്ദർശനത്തിൽ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിലുണ്ടായ അപകടത്തിൽ 6 പേർ അറസ്റ്റിലായിരുന്നു. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ദുരന്തത്തിന് ശേഷം ആൾദൈവം ഭോലെ ബാബ രക്ഷപെട്ട് പോകുന്ന വാഹനത്തിന്റെറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഭോലെ ബാബ ഒളിവിലാണ്. ഭോലെ ബാബയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുമെന്ന് അലിഗഡ് ഐ.ജി വ്യക്തമാക്കി.
#WATCH | Uttar Pradesh: Congress MP Rahul Gandhi meets the victims of the Hathras stampede, in Aligarh. pic.twitter.com/DrX4pLBGCS
— ANI (@ANI) July 5, 2024
ഇക്കഴിഞ്ഞ ദിവസമാണ് ആൾദൈവം ഭോലെ ബാബ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭോലെ ബാബ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൊടിപടലങ്ങൾ ശേഖരിക്കാൻ ഇറങ്ങിയ ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.