മൻമോഹൻ സിംഗിന്റെ അത്ര ഗഹനത ഉള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു എന്ന് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ 88-ാം ജന്മദിനത്തിൽ ആശംസ നേർന്നു കൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകളും മനോഹരമായ ഒരു വർഷവും നേരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി എപ്പോഴും പ്രതിജ്ഞാബദ്ധനായ സമർപ്പിതനായ നേതാവാണ് ഡോ. മൻമോഹൻ സിംഗ് എന്ന് കോൺഗ്രസ് പാർട്ടി പ്രശംസിച്ചു. “സമർപ്പിതനായ ഒരു നേതാവിന്റെ പ്രാഥമിക ലക്ഷ്യം എല്ലായ്‌പ്പോഴും സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുക എന്നതാണ്. ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായുള്ള മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ പ്രതിബദ്ധത നമ്മൾ ഇന്ന് ആഘോഷിക്കുന്നു, ” കോൺഗ്രസ് ട്വീറ്റ് ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവിന്റെ നേട്ടങ്ങൾ രേഖപ്പെടുത്തുന്ന ഒരു ഹ്രസ്വ വീഡിയോയും പാർട്ടി പുറത്തിറക്കി.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് മികച്ച ഭരണത്തിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രയത്നിച്ചതായി ഗുജറാത്ത് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു.
“മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞൻ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ജന്മദിനാശംസകൾ. ദൈവം നിങ്ങളെ ആരോഗ്യവാനായി നിലനിർത്തുകയും ദീർഘായുസ്സ് നൽകുകയും ചെയ്യട്ടെ. ഡോ. സാഹിബ് കാരണം രാജ്യം സാമ്പത്തികമായി ശക്തിപ്പെട്ടു, ഇന്ന് പൊതുജനം മൻമോഹൻ സിംഗിന്റെ സദ്ഭരണം ഓർമ്മിക്കുന്നു. ജയ് ഹോ,” ഹാർദിക് പട്ടേൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
1932 സെപ്റ്റംബർ 26- ന് ഇന്ന് പാകിസ്ഥാനിലുള്ള ഗാഗിൽ ജനിച്ച മൻമോഹൻ സിംഗ് 1990- ൽ ഇന്ത്യയിൽ വിപുലമായ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ്. 2014- ൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ആദ്യമായി അധികാരമേൽക്കുന്നതിന് മുമ്പ് 10 വർഷം മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ സിഖുകാരനും, ജവഹർലാൽ നെഹ്‌റുവിനു ശേഷം അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രിയും കൂടിയായിരുന്നു മൻമോഹൻ സിംഗ്. അന്തരിച്ച പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ 1991 – ൽ രാജ്യത്തിന്റെ ധനമന്ത്രിയായി നിയമിതനായപ്പോഴാണ് മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉദാരവത്കരണവും സ്വകാര്യവത്കരണവും അദ്ദേഹം കൊണ്ട് വന്നതും ഇതേ വർഷം തന്നെയാണ്.