രാഹുൽ പഞ്ചാബിൽ, അമിത് ഷാ ഉത്തർപ്രദേശിൽ; ഉത്തരേന്ത്യയിൽ പോരാട്ടച്ചൂട്

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവേശം ഉയർത്തി പ്രധാന നേതാക്കൾ കളത്തിൽ സജീവമാകുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നു പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുകയാണ്.കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ  ഉത്തർപ്രദേശിലേക്കും വരും.

കോൺഗ്രസ് ഏറെ പ്രതീക്ഷ വച്ചു പുലർത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. കർഷക സമരത്തിന്‍റെ ഊർജ്ജകേന്ദ്രം എന്നതുകൂടി പരിഗണിച്ചു ബിജെപിക്കു കനത്ത തിരിച്ചടി നേരിടുമെന്നു കരുതപ്പെടുന്ന സംസ്ഥാനംകൂടിയാണ് പഞ്ചാബ്.

കർഷകരോഷത്തിൽ കണ്ണുനട്ടാണ് കോൺഗ്രസിന്‍റെ നീക്കങ്ങൾ. കോൺഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനുയായികൾ. ഛന്നിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പിനു ശേഷം മതി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കൽ എന്ന സമീപനമാണ് ഹൈക്കമാൻഡ് പുലർത്തുന്നത്. രാഹുൽ ഇന്നു സംസ്ഥാനത്ത് എത്തുമ്പോൾ ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഇന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിലേക്ക് എത്തും. പൊതുസമ്മേളനങ്ങൾക്ക് പല നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ നേതാക്കളെ കണ്ടു സംസാരിക്കുക, പ്രമുഖരെ കാണുക, സമുദായ നേതാക്കളെ കാണുക തുടങ്ങിയ തന്ത്രങ്ങൾക്ക് ഊന്നൽ നൽകിയായിരിക്കും അമിത്ഷായുടെ നീക്കങ്ങൾ.

Read more

വീടുകയറിയുള്ള പ്രചാരണത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തു പ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് കരുതുന്നത്. കർഷകരോഷം തന്നെയാണ് ഇവിടെയും ബിജെപി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.