കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവരുന്നതിനു മുന്‍പേ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയി എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ഒരു മണിക്ക് വാര്‍ത്താസമ്മേളനം തുടങ്ങുംമുന്‍പുതന്നെ വിജയം ആര്‍ക്കെന്ന സൂചന വ്യക്തമായിരുന്നെന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു.
പാര്‍ട്ടിയില്‍ തന്റെ റോള്‍ എന്തെന്ന് പുതിയ പ്രസിഡന്റ് തീരുമാനിക്കുമെന്നും ഖാര്‍ഗെജിയോടോ സോണിയാജിയോടോ ചോദിക്കൂ എന്നുമായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആന്ധ്ര പ്രദേശിലെ അഡോനിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രണ്ടുമണിയോടെയാണ് ഫലം ഔദ്യോഗികമായി പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ തലപൊക്കിയത്.
തിരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായപ്പോള്‍ 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.
അദ്ധ്യക്ഷനായി ഖാര്‍ഗെ ഈ മാസം 26ന് ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്തായിരിക്കും ഔദ്യോഗിക പരിപാടികള്‍. രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാകും മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുക.