എഞ്ചിന്‍ ത്രോട്ടിലില്‍ ബാഗ് വെച്ച ശേഷം വീഡിയോ കോളില്‍ മുഴുകി റെയില്‍വേ ജീവനക്കാരന്‍; മഥുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയതിന് പിന്നിലെ ചുരുളഴിയുന്നു

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിറുത്തിയിട്ടിരുന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ സംഭവത്തിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥന്റെ അശ്രദ്ധ. റെയില്‍വേ ജീവനക്കാരന്‍ അശ്രദ്ധമായി ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി അപകടം നടന്നത്.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടം നടക്കുന്ന സമയത്തെ എഞ്ചിന്‍ റൂമിലെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നിറുത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്ന് ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം സച്ചിന്‍ എന്ന ജീവനക്കാരന്‍ എഞ്ചിന്‍ റൂമിലേക്ക് കയറി. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷമാണ് സച്ചിന്‍ എഞ്ചിന്‍ റൂമിലേക്ക് കയറിയത്. തുടര്‍ന്ന് ഇയാള്‍ തന്റെ ഭാരമേറിയ ബാഗ് എഞ്ചിന്‍ ത്രോട്ടിലില്‍ വച്ച ശേഷം മൊബൈല്‍ ഫോണിലെ വീഡിയോ കോളില്‍ മുഴുകി.

ബാഗിന്റെ ഭാരം കാരണം ട്രെയിന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. എന്നാല്‍ അപ്പോഴും സച്ചിന്‍ വീഡിയോ കോളില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ച് കയറിയപ്പോഴാണ് റെയില്‍വേ ജീവനക്കാരന്‍ അപകടം അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. കൂടാതെ എഞ്ചിനും പ്ലാറ്റ്‌ഫോമിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സച്ചിന്‍ ഉള്‍പ്പെടെ അഞ്ച് പേരെ റെയില്‍വേ സസ്‌പെന്റ് ചെയ്തു. അപകട സമയം സച്ചിന്‍ മദ്യപിച്ചിരുന്നോ എന്നും സംശയുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.