ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്റെ കെട്ടിടഭാഗങ്ങള്‍ ഇടിഞ്ഞുവീണ് അപകടം. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ ഇരുപതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കനൗജ് റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം സംഭവിച്ചത്.
അപകട സമയം 35 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ 15 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം നടന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു.