സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കാമെന്നും അത് ഘട്ടം ഘട്ടമായി നടപ്പാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദ്ദേശം. ഇക്കാര്യം ബില്‍ പരിശോധിക്കുന്ന വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നിവയ്ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.
സമിതി അധ്യക്ഷന്‍ എംപി വിനയ് സഹസ്രബുദ്ധെയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ജെയ്റ്റ്ലിയും ടാസ്‌ക് ഫോഴ്സിലെ മറ്റ് അംഗങ്ങളും കമ്മിറ്റിയെ കണ്ട് ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.
കുറഞ്ഞ പ്രായപരിധി 21ാക്കി നടപ്പിലാക്കുന്നതിനായി രണ്ട് വഴികളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമം വിജ്ഞാപനം ചെയ്തതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷം നടപ്പിലാക്കുക എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. അല്ലെങ്കില്‍ വിജ്ഞാപനം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ഓരോ വര്‍ഷത്തിലും ഓരോ വയസ് വച്ച് കൂട്ടി മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കുക.
നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തണം. സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കിയ ശേഷം നടപ്പിലാക്കണമെന്നാണ് ടാസ്‌ക് ഫോഴ്‌സ് ശിപാര്‍ശ. റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ വരാനാണ് സാധ്യത.
വിവാഹപ്രായം ഉയര്‍ത്തുന്നത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പക്വതനേടാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ശൈശവവിവാഹ നിരോധനനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമേ പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ സംബന്ധിച്ചും, സ്‌കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ചും സമിതിയ്ക്ക് ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് സമിതിയ്ക്ക് ആയിരക്കണക്കിന് ഇ മെയില്‍ സന്ദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. 95,000 ഇമെയിലുകളില്‍ 90,000 എണ്ണവും ബില്ലിനെ എതിര്‍ക്കുന്നതാണ്. ഇമെയിലിന്റെ ആധികാരികത സംബന്ധിച്ച് പരിശോധന നടത്താനാണ് സമിതിയുടെ തീരുമാനം.