റിലീസിന് ഒരാഴ്ചമാത്രം ശേഷിക്കെ, വിവാദ ചിത്രം “പദ്മാവതി”നെതിരേ ശ്രീ രജ്പുത് കർണി സേന രംഗത്ത്. പദ്മാവത് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ കർഫ്യൂ ആചരിക്കാൻ കർണി സേന ആഹ്വാനം ചെയ്തു.
നാലു സംസ്ഥാനങ്ങളിൽ പദ്മാവതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി നീക്കിയതിനു പിന്നാലെയാണ് കർണി സേന കർഫ്യൂ ആഹ്വാനം നടത്തിയത്.ഈ സിനിമ കൊല്ലപ്പെടേണ്ടതെന്നും കർണി സേന തലവൻ ലോകേന്ദ്ര കൽവി പറഞ്ഞു. കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയ ലോകേന്ദ്ര കൽവി, സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ട് കോടതിയലക്ഷ്യത്തിന് അറസ്റ്റ് വരിക്കാൻ താൻ തയാറാണെന്നു വ്യക്തമാക്കി.
സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നതിനു മുന്പ് രാഷ്ട്രീയ പാർട്ടികളുടെ നിലപാട് കൂടി പരിഗണിക്കണമായിരുന്നെന്നും കൽവി ആവശ്യപ്പെട്ടു. സഞ്ജയ് ലീല ബൻസാലി നിർമിച്ചിരിക്കുന്ന ചിത്രം സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ്. നമ്മുടെ വികാരങ്ങളിൽനിന്നും ദേഷ്യത്തിൽനിന്നും അയാൾ ലാഭമുണ്ടാക്കുന്നു. ജനുവരി 25 വരും, പോകും. പക്ഷേ ചിത്രം റിലീസ് ചെയ്യില്ല.
Read more
ചിത്രം പ്രദർശിപ്പിച്ചെന്ന് ഉറപ്പിക്കാൻ എത്ര പേരെ നിങ്ങൾക്കു കൊല്ലാൻ കഴിയും. ഈ സിനിമയാണ് കൊല്ലപ്പെടേണ്ടത്. ഇത് തിയറ്റർ ഉടമകളുടെ സഹകരണത്തോടെ മാത്രമേ സാധിക്കൂ- ലോകേന്ദ്ര കൽവി മുംബൈയിൽ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ സിനിമ നിരോധിച്ച സംസ്ഥാനങ്ങളുടെ നടപടി അനധികൃതമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിരുന്നു.