ഉച്ചഭാഷിണി വിവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയ്ക്ക് വധഭീഷണിയുണ്ടെന്ന് എം.എന്‍.എസ് നേതാവ് ബാല നന്ദ്ഗാവോങ്കര്‍. രാജ് താക്കറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിലേക്ക് ഒരു കത്ത് വന്നു. അദ്ദേഹത്തിന്റെ രോമത്തില്‍ തൊട്ടാല്‍ പോലും മഹാരാഷ്ട്ര നിന്നു കത്തുമെന്നും നന്ദ്ഗാവോങ്കര്‍ മുന്നറിയിപ്പ് നല്‍കി.
വധഭീഷണി കത്തിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലിനെ അറിയിച്ചിട്ടുണ്ടെന്നും എംഎന്‍എസ് നേതാവ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ഉച്ചഭാഷിണി വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്.
മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് രാജ് താക്കറെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ജൂണ്‍ അഞ്ചിന് രാജ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്നും നവനിര്‍മ്മാണ്‍ സേന അറിയിച്ചു.