ഹോസ്റ്റലുകളില്‍ ദേശീയഗാനം പാടണം; രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്

വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ 800 ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

സംസ്ഥാനത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ദിവസവും ദേശീയഗാനം ആലപിക്കാറുണ്ട്. ഈ രീതി സര്‍ക്കാര്‍, എയ്ഡഡ് ഹോസ്റ്റലുകളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് രാജസ്ഥാന്‍ സാമൂഹ്യനീതി ഡയറക്ടര്‍ സമിത് ശര്‍മ്മ പറയുന്നു. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ ഇതു സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാവിലെ ഏഴുമണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയഗാനം ആലപിക്കേണ്ടത്.

Read more

അടുത്തിടെ ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരസഭാ കാര്യാലയത്തില്‍ ദേശീയഗാനവും വന്ദേമാതരവും പാടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ഹിന്ദു സ്പിരിച്വാലിറ്റി ആന്റ് സര്‍വ്വീസ് ഫൗണ്ടേഷന്‍ എന്ന സംഘടന സംഘടിപ്പിക്കുന്ന ആധ്യാത്മിക മേളയ്ക്ക് കുട്ടികളെ കൊണ്ടുപോകണമെന്ന് സ്‌കൂളകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി അടുത്തിടെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.