ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

ഗുരുത്വാകര്‍ഷണ ബലവും വിമാനവും കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെ. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടെത്തുന്നതിന് എട്ട് വര്‍ഷം മുന്‍പ് 1895ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ശിവകര്‍ ബാപുജി തല്‍പടെ വിമാനം നിര്‍മ്മിച്ച് പറത്തിയെന്ന് ഹരിഭാവു ബാഗ്‌ഡെ പറഞ്ഞു.

ഭരദ്വാജ മഹര്‍ഷി എഴുതിയ സംസ്‌കൃത ഗ്രന്ഥങ്ങളിലെ തത്വങ്ങള്‍ അനുസരിച്ചാണ് തല്‍പടെ വിമാനം നിര്‍മ്മിച്ചതും പറത്തിയതും. ചിരഞ്ജിലാല്‍ വര്‍മ്മ എന്നയാളുടെകീഴില്‍ ഈ ഗ്രന്ഥം വായിച്ചുപഠിച്ച ശേഷമാണ് തല്‍പടെ വിമാനം നിര്‍മ്മിച്ചതെന്നും ഹരിഭാവു ബാഗ്‌ഡെ കൂട്ടിച്ചേര്‍ത്തു. അജ്മീറിലെ മഹര്‍ഷി ദയാനന്ദ് സരസ്വതി സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിചിത്ര വാദം മുന്നോട്ടുവച്ചത്.

Read more

ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞനാണെന്നും ഹരിഭാവു ബാഗ്‌ഡെ ആരോപിച്ചു. സര്‍ ഐസക് ന്യൂട്ടണ് മുന്‍പ് ഗണിതശാസ്ത്രജ്ഞനായ കോപ്പര്‍ നിക്കസ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയെന്നും എന്നാല്‍ ഇരുവര്‍ക്കും മുന്‍പ് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ഭാസ്‌കരാചാര്യര്‍ 11ാം നൂറ്റാണ്ടില്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.