രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ കൊന്ന് കത്തിച്ച പ്രതിക്ക് വേണ്ടി ധനസമാഹരണം; പോലീസ് അക്കൗണ്ട് മരവിപ്പിച്ചു

രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിച്ച പ്രതിക്ക് വേണ്ടി പിരിച്ച പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ശംഭുലാല്‍ റേഗറിന്റെ ഭാര്യയുടെ പേരിലുളള അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് സംഭാവനായായി നിക്ഷേപിച്ചിട്ടുളളത്. 516 പേരാണ് സംഭാവന ചെയ്തിട്ടുളളതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയുടെ ഭാര്യ സീതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നോട്ടീസ് പ്രചരിപ്പിച്ച രണ്ട് ബിസിനസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശംഭുലാലിന്റെ കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വഷിക്കുമെന്ന് പോലീസ് പറഞ്ഞു.

പശ്ചിമബംഗാളില്‍ നിന്നും രാജസ്ഥാനിലേക്ക് തൊഴിലിന്റെ ഭാഗമായി വന്ന മുസ്ലീം യുവാവിനെയാണ് ഹിന്ദു യുവാവ് വെട്ടിക്കൊന്നത്. വെട്ടിക്കൊല്ലുക മാത്രമല്ല, കത്തിച്ചതിന് ശേഷം ഈ സംഭവം ക്യാമറയില്‍ പകര്‍ത്തി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തു. ലൗ ജിഹാദിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണിതെന്നാണ് വീഡിയോയിലെ ‘സന്ദേശം’. 45 വയസ്സുകാരനായ മുഹമ്മദ് അഫ്രസുലാണ് കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ ശംഭുലാല്‍ രേഖര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതി തന്നെയാണ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ടയാളുടെ ബൈക്കും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പകുതി കരിഞ്ഞ മൃതദേഹം രാജ്സമന്ദിലുള്ള ഹോട്ടലിന് സമീപത്ത് നിന്ന് കണ്ടെത്തി. വീഡിയോയില്‍ കണ്ട ആളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.