കശ്മീരിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണെന്നാണ് പല മാധ്യമങ്ങളും സങ്കല്‍പ്പിച്ചുവെച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പല വാര്‍ത്താ ചാനലുകളുടെയും ഭാവനയില്‍, ഓരോ കശ്മീരി മുസ്ലീമിനെയും തീവ്രവാദിയായി കണക്കാക്കുന്നുവെന്ന് തോന്നുന്നു. ഇത് ഒരു സമൂഹത്തെ ഞെട്ടിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായ പൈശാചികവല്‍ക്കരണമാണ്. നിങ്ങള്‍ പത്രപ്രവര്‍ത്തകരാണോ അതോ യുദ്ധക്കൊതിയുമായി നടക്കുന്നവരോ? ടി.ആര്‍.പിയ്ക്ക് മുന്നില്‍ നിങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തിവെക്കുക”- രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. കശ്മീരില്‍ എല്ലാം ശാന്തമാണെന്ന സര്‍ക്കാര്‍ വാദത്തിനപ്പുറം ദേശീയ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. അല്‍ ജസീറ, ബി.ബി.സി, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളാണ് സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം കശ്മീരില്‍ മാധ്യമ നിയന്ത്രണമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ തള്ളി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ രംഗത്തെത്തി. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിന് ശേഷം റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അനുരാധ പറഞ്ഞിരുന്നു.
ലാന്‍ഡ്‌ലൈന്‍ ടെലഫോണ്‍ സേവനവും നിര്‍ത്തലാക്കിയതോടെ കശ്മീര്‍ താഴ്വരയില്‍ നിന്നുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കാനാകുന്നില്ലെന്ന് അനുരാധ ബാസിന്‍ പറഞ്ഞു.