സുപ്രീം കോടതിയില്‍ നടന്ന അപൂര്‍വ്വ സംഭവത്തിനൊടുവില്‍ രാജീവ് ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള വാഗ്വാദത്തെ തുടര്‍ന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്ക വിഷയം സുപ്രീം കോടതി പരിഗണിക്കവെ രാജീവ് ധവാനും ചീഫ് ജസ്റ്റിസും തമ്മിലുണ്ടായ വാഗ്വാദത്തിനൊടുവിലാണ് അഭിഭാഷകവൃത്തി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്.

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ആദ്യം ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞ വിഷയങ്ങള്‍ വീണ്ടും പറയരുതെന്ന് വാദത്തിനിടെ ധവാനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം അതുകേള്‍ക്കാതെ വാദം നടത്തുകയായിരുന്നു. വാദിക്കേണ്ട കാര്യം വാദിക്കേണ്ടതുണ്ടെന്ന് ധവാന്‍ ഭരണഘടനാ ബെഞ്ചിന് മുമ്പില്‍ അറിയിച്ചെങ്കിലും താങ്കള്‍ ഒച്ചവയ്ക്കുന്നത് തുടര്‍ന്നോളൂവെന്നും തങ്ങള്‍ വിധി പറഞ്ഞുകൊള്ളാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോടതിയില്‍ താന്‍ അപമാനിതനായെന്നും തീരുമാനം അന്തിമമാണെന്നും ധവാന്‍ അറിയിച്ചു. രമജന്‍മഭൂമി-ബാബ്‌റി മസ്ജിദ് കേസിലെ വാദം നടന്ന സമയത്തും ദീപക് മിശ്രയും രാജീവ് ധവാനും തമ്മില്‍ കോര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസായിരിക്കുന്ന ദീപക് മിശ്രയുടെ കാലാവധി അവസാനിക്കാറായിരിക്കെ രാജ്യത്തെ സുപ്രധാന വിഷയവുമായി ബന്ധപ്പെട്ടുള്ള രാമജന്‍മഭൂമി-ബാബ്‌റി മസ്ജിദ് കേസിന്റെ അന്തിമ വാദം കേള്‍ക്കരുതെന്ന് ധവാന്റെ ആവശ്യമാണ് കോടതിയില്‍ ഉരസലിന് വഴിവെച്ചത്.

കോടതിയില്‍ സംഭവിച്ചത് ലജ്ജാകരമാണ്. അതിന്റെ തലേദിവസം (ചൊവ്വാഴ്ച) നടന്നത് അത്യന്തം ലജ്ജാകരമായ കാര്യമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ, കുറച്ച് മുതിര്‍ന്ന അഭിഭാഷകര്‍, അവര്‍ക്ക് കോടതിയില്‍ ശബ്ദമുയര്‍ത്താമെന്ന് ധരിച്ച് വെച്ചിരിക്കുകയാണ്. കോടതിയില്‍ ശബ്ദമുയര്‍ത്തുന്നത് ക്ഷമിക്കാനാകില്ല. ഒച്ചവെക്കുന്നത് നിങ്ങളുടെ പോരായ്മയും കഴിവില്ലായ്മയുമാണ് കാണിക്കുന്നത് കോടതി പറഞ്ഞുവെന്നാണ് ദീപക് മിശ്ര വാഗ്വാദത്തിന് ശേഷം പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് താന്‍ അഭിഭാഷകജോലി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ധവാന്‍ ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയത്. തന്റെ മുതിര്‍ന്ന അഭിഭാഷകനെന്ന പദവി തിരിച്ചെടുക്കാനും കത്തില്‍ ധവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ കേസിലുണ്ടായ അപമാനത്തെ തുടര്‍ന്നാണ് അഭിഭാഷവൃത്തി രാജിവയ്ക്കുന്നതെന്ന് കത്തില്‍ രാജീവ് ധവാന്‍ വ്യക്തമാക്കിയിട്ടുണ്ട്.