രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ മോചന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നളിനി ശ്രീഹരന്റെയും പി രവിചന്ദ്രന്റെയും ഹര്‍ജിയാണ് തള്ളിയത്. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. മോചനത്തിനായി പ്രതികള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും മദ്രാസ് ഹൈക്കോടതി അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേക അധികാരം ഉപോയോഗിച്ചാണ് എ ജി പേരറിവാളിന് സുപ്രീംകോടതി മോചനം അനുവദിച്ചത്. മെയ് 18നാണ് സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ച് പേരറിവാളന് സുപ്രീംകോടതി മോചനം അനുവദിച്ചത്. പേരറിവാളന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ അത് നടപ്പാക്കാതിരുന്നതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു പേരറിവാളന്‍. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികഞ്ഞിട്ടില്ലായിരുന്നു.
രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.