കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപൂര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

13 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ അഞ്ച്, കേരളത്തില്‍ മൂന്ന്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോന്നും വീതമാണ് സീറ്റുകള്‍. രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ, പ്രതാപ് സിംഗ് ബജ്വ,നരേഷ് ഗുജ്റാള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിയുക.

കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എ.കെ ആന്റണി, കെ. സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 14 ന് വിജ്ഞാപനം പുറത്തിറക്കും. മാര്‍ച്ച് 21നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മാര്‍ച്ച് 22ന് സൂക്ഷമ പരിശോധന പൂര്‍ത്തിയാക്കി 31ന് വോട്ടെടുപ്പ് നടത്തും. മാര്‍ച്ച് 24 വരെ പത്രിക പിന്‍വലിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

Read more

വോട്ടെടുപ്പ് നടത്തി അന്ന് വൈകിട്ട് തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.