ഞാന്‍ മുസ്ലിമല്ല, ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല; മക്കയില്‍ പോയി ഉംറ ചെയ്തതിന് പിന്നാലെ നിലപാട് മാറ്റി നടി രാഖി സാവന്ത്; പിന്തുണച്ചവര്‍ക്ക് അങ്കലാപ്പ്; നടപടി വേണമെന്ന് ആവശ്യം

മക്കയില്‍  പോയി  ചെയ്തതിന് പിന്നാലെ നിലപാട് മാറ്റി നടി രാഖി സാവന്ത്. താന്‍ ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നും പുറത്ത് വന്നത് വ്യാജവാര്‍ത്തയാണെന്നും ചിലര്‍ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നും രാഖി ആരോപിച്ചു.ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്‌ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടുപേരും പിന്നീട് വേര്‍പിരിഞ്ഞതായും വാര്‍ത്തകള്‍വന്നിരുന്നു.

ആദിലിന്റെ വിവാഹേതര ബന്ധവും ലൈംഗിക പീഡനവും ശാരീരിക മര്‍ദനവുമാണ് പിരിയാന്‍ കാരണമെന്നാണ് രാഖി പറഞ്ഞത്. താന്‍ ഒരിക്കലും ഇസ്‌ലാം മതം സ്വീകരിച്ചില്ല, ആദില്‍ ഖാന്‍ ദുറാനിയുമായി വിവാഹ മോചനം നേടിയില്ല എന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ തെറ്റിദ്ധരിപ്പിച്ച് മക്കയില്‍ എത്തിയ രാഖിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ആദില്‍ ദുറാനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രാഖി രംഗത്ത് വന്നിരുന്നു.
ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിച്ചത്. കുളിക്കുമ്പോള്‍ രഹസ്യമായി പകര്‍ത്തിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടില്‍ തന്നെ ആദില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു.

വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വെച്ച് രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആദില്‍ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്.

ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ താനെങ്ങോട്ടുപോവും ലോകത്തിന് മുന്നില്‍ ഞാനെങ്ങനെ മുഖം കാണിക്കും ഞാനൊരു സാധാരണ പെണ്‍കുട്ടിയല്ല. സെലിബ്രിറ്റിയും ബ്രാന്‍ഡുമാണ്. നടി പറഞ്ഞു. അതേസമയം രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുന്‍ഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നെന്നുമാണ് ആദില്‍ ആരോപിക്കുന്നത്.

താന്‍ മൈസൂരില്‍ നിന്നുള്ള സാധാരണ ബിസിനസുകാരനാണ്. 2022-ലാണ് ഞങ്ങള്‍ വിവാഹിതരായത്. രാഖി മുന്‍ഭര്‍ത്താവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതു താന്‍ കണ്ടെത്തി. പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹ മോചനത്തെക്കുറിച്ച് ചിന്തിച്ചത്. തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടില്‍ പോയിരുന്നു. അന്ന് അവര്‍ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആദ്യ ഭര്‍ത്താവുമായി വീണ്ടും ബന്ധം തുടങ്ങിയെന്ന കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു. ആ സമയത്താണ് പോലീസ് വീട്ടില്‍ വന്നത്. അവരോട് ഞാന്‍ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു. തനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നുമാണ് കഴിഞ്ഞദിവസം ആദില്‍ പറഞ്ഞത്.

Read more

ആദിലുമായുള്ള വിവാഹത്തിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചുവെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ച് മദീനയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്കെപ്പമാണ് ഇത്തരം ഒരു കുറിപ്പ് അവര്‍ പങ്കുവെച്ചത്. ‘അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിന്ന്. ഇവിടെയെത്തിയതില്‍ വളതെയധികം ആഹ്ലാദം തോന്നുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തുക. ഞാനും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്നാണ് അവര്‍ എക്‌സില്‍ കുറിച്ചത്.