ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് 21 ദിവസത്തെ താത്കാലിക വിടുതല്‍ ലഭിച്ചതിനെ തുടർന്ന് ഹരിയാനയിലെ റോഹ്തക്കിലെ ജയിലിൽ നിന്ന് ഇന്ന് വൈകിട്ട് പുറത്തിറങ്ങും. 2002-ൽ തന്റെ മാനേജരെ കൊലപ്പെടുത്തിയതിനും ഒരു പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതിനും ഇരട്ട ജീവപര്യന്തം തടവും ബലാത്സംഗത്തിന് 20 വർഷത്തെ തടവും ആണ് ഗുർമീതിന് ശിക്ഷ ലഭിച്ചിരുന്നത്.
രോഗിയായ അമ്മയെ കാണാനും വൈദ്യപരിശോധന നടത്താനും അദ്ദേഹത്തിന് നേരത്തെ മൂന്ന് അടിയന്തര പരോളുകൾ (സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ) നൽകിയിരുന്നു. എന്നാൽ, ഹരിയാനയിൽ അധികാരത്തിലുള്ള ബിജെപി പഞ്ചാബ് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മുമ്പാണ് റാം റഹീമിന് പുറത്തിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പഞ്ചാബിൽ അധികാരത്തിൽ ഉള്ള കോൺഗ്രസിനെ പുറത്താക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബി.ജെ.പി.
അതേസമയം താത്കാലിക വിടുതലിന് ഒരു തിരഞ്ഞെടുപ്പുമായും ബന്ധമില്ല എന്ന് ഇന്ന് ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടർ പറഞ്ഞു. സ്ഥാപിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ദേര മേധാവിക്ക് അവധി അനുവദിച്ചതെന്ന് അദ്ദേഹവും സംസ്ഥാന ജയിൽ മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാലയും പറഞ്ഞു.
ദേര അനുയായികൾ, പ്രത്യേകിച്ച് റാം റഹീം സിംഗിന്റെ അനുയായികൾ, പഞ്ചാബിലെ മാൾവ മേഖലയിൽ സ്വാധീനമുള്ളവരാണ്, അവരുടെ വോട്ടുകൾ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണായകമാണ്. മാൾവ മേഖലയിൽ 69 മണ്ഡലങ്ങളുണ്ട് – പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളുടെ പകുതിയിലധികവും.
കോടിക്കണക്കിന് വരുന്ന ദേര അനുയായികൾ റഹീം സിംഗ് ജയിലിലായതിന് ശേഷം താരതമ്യേന ഒതുങ്ങിയിരിക്കുകയാണ്. ദേര അനുയായികൾ തങ്ങളുടെ നേതാക്കളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി വോട്ട് ചെയ്യുന്നവരാണെന്നാണ് പരക്കെ പറയപ്പെടുന്നത്. 2002-ൽ ഈ വിഭാഗം കോൺഗ്രസിന് പരോക്ഷമായ പിന്തുണ നൽകിയിരുന്നു. 2007-ൽ പിന്തുണ പരസ്യമായിരുന്നു, ഇതിന്റെ ഫലമായി അന്നത്തെ ബിജെപി-അകാലിദൾ സഖ്യം അവകാശപ്പെട്ട 29 സീറ്റുകൾ ഉൾപ്പെടെ 37 സീറ്റുകൾ കോൺഗ്രസ് പാർട്ടി നേടി. എന്നിരുന്നാലും, ദോബ, മജ മേഖലകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനായില്ല.
2012 ലെ തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾക്ക് പകരം സ്ഥാനാർത്ഥികളെയാണ് പിന്തുണച്ചത്. 2017ൽ ബിജെപി-അകാലിദൾ സഖ്യത്തെ പിന്തുണച്ചെങ്കിലും അവർ പരാജയപ്പെട്ടു. ഇത്തവണ കോൺഗ്രസ്, ബി.ജെ.പി, അകാലിദൾ, എ.എ.പി എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ പാർട്ടികളും ദേര അനുയായികളുടെ വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിൽ ദേര നേതാക്കളോടൊപ്പം കാണപ്പെട്ടിരുന്നു.
പഞ്ചാബിലെ മാൾവ മേഖലയിൽ ബതിന്ദ, മുക്ത്സർ, സംഗ്രൂർ, മൻസ, പട്യാല, ബർണാല, ഫരീദ്കോട്ട്, മോഗ, ഫിറോസ്പൂർ, ലുധിയാന, മൊഹാലി ജില്ലകൾ ഉൾപ്പെടുന്നു.
ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബ് പുതിയ സർക്കാരിനായി വോട്ട് ചെയ്യും; റാം റഹീം സിംഗിന്റെ താത്കാലിക വിടുതല്‍ അതിന്റെ അടുത്ത ദിവസം അവസാനിക്കും.
ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ഗുരു രവിദാസ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മാർച്ച് 10ന് വോട്ടെണ്ണും.