രാമസേതു നിര്‍മിച്ചത് വാനരസേനയല്ല, മനുഷ്യരാണെന്ന തെളിവുകളുമായി അമേരിക്കന്‍ ചാനല്‍

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിനെ ചൊല്ലിയുള്ള വിവാദം വീണ്ടും കൊഴുക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം രാമന്റെ വാനരസേന നിര്‍മിച്ചതെന്ന് സങ്കല്‍പമുള്ള പാലം മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍ രംഗത്ത് വന്നതോടെ ഏറെക്കാലമായി തുടരുന്ന ചര്‍ച്ചകള്‍ക്കും സംശയങ്ങള്‍ക്കും പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച് നടത്തിയ പഠനങ്ങള്‍ “വാട്ട് ഓണ്‍ എര്‍ത്ത്” എന്ന പരിപാടിയിലൂടെ പുറത്തുവിട്ടത്. ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന രാമസേതുവിന്റെ രഹസ്യത്തെക്കുറിച്ച് ചാനല്‍ പുറത്ത് വിട്ട പ്രെമോ 1.1 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള രാമസേതു സത്യമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. മണല്‍ത്തിട്ട പ്രകൃതിദത്തമാണെങ്കിലും അതിന് മുകളിലുള്ള കല്ലുകള്‍ അങ്ങിനെയുള്ളതല്ല. കല്ലുകളുടെ പഴക്കം 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷവും പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പാറക്കഷ്ണങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നും പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞ് കൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മിച്ച തിട്ടകളാണ് രാമസേതുവില്‍ കാണുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലെ രാമേശ്വരത്ത് പാമ്പന്‍ ദ്വീപുകള്‍ക്കും, ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ 50 കീലോമീറ്റര്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്. സേതുസമുദ്രം കപ്പല്‍ പാത പദ്ധതി മുന്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ട് വച്ചതോടെയാണ് തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഈ ഭാഗം വിവാദകേന്ദ്രമായത്.

എന്നാല്‍ സംഘപരിവാര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. പുരാണകഥാപാത്രമായ ശ്രീരാമന്റെ വാനരസേനയാണ് ലങ്കയിലേയ്ക്കുള്ള പാലം നിര്‍മ്മിച്ചതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ ഈ ഭാഗത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നുമായിരുന്നു അവരുടെ വാദം. പാലം നിര്‍മ്മിക്കാന്‍ രാമന്‍ ഏത് എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അക്കാലത്ത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി പരിഹസിച്ചത് വിവാദമാവുകയും ചെയ്തു.

മതവിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല പദ്ധതി വിമര്‍ശനം ഏറ്റുവാങ്ങിയത്. പ്രദേശത്തെ ആഴക്കടല്‍ ജൈവ വൈവിധ്യം കൂടി പൂര്‍ണമായും നശിക്കാനുള്ള സാധ്യതയും ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയിരുന്നു. സേതുമുദ്രം കനാല്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റൊറിക്കല്‍ റിസേര്‍ച്ച് മാര്‍ച്ചില്‍ പഠനം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സംഗതി ഒരുക്കങ്ങള്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

ഹിന്ദു മത വിശ്വാസപ്രകാരം ശ്രീരാമന്‍ തന്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയ രാക്ഷസരാജാവ് രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ വാനരപടയുടെ സഹായത്തോടെ രാമ സേതു നിര്‍മ്മിക്കുകയും ലങ്കയില്‍ എത്തി രാവണനെ വധിച്ചു എന്നുമാണ് സങ്കല്‍പം. രാമായണത്തിന്റെ സൃഷ്ടാവ് എന്ന് വിശ്വസിക്കപ്പെടുന്ന വാല്മീകി രാമ സേതു നിര്‍മ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന സമുദ്ര ഭാഗം സേതു സമുദ്രം എന്നാണറിയപ്പെടുന്നത്.