ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിർത്ത ആൾ അക്രമം നടത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തു.
കറുത്ത സ്ലീവ്‌ലെസ് ബോംബർ ജാക്കറ്റ് ധരിച്ച രംഭക്ത് ഗോപാൽ എന്ന അക്രമി പ്രതിഷേധം നടക്കുന്ന പരിസരത്ത് ചുറ്റും നടന്ന് തന്റെ ലക്ഷ്യത്തെ കുറിച്ച് തീരുമാനമെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ സ്വയം പോസ്റ്റ് ചെയ്യുകയായിരുന്നു.
“യെ ലോ ആസാദി (ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം)” എന്ന് ആക്രോശിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു ഇയാൾ. ഷാദാബ് ഫാറൂഖ് എന്ന വ്യക്തിക്ക് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും ചുറ്റുമുള്ള മറ്റുള്ളവർ അക്രമിയെ കീഴടക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയയിലെ രാംഭക്ത് ഗോപാലിന്റെ മുമ്പത്തെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് തന്റെ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ നേരിടാൻ ഇയാൾ തയ്യാറെടുത്തിട്ടുണ്ട് എന്നാണ്. “എന്റെ അവസാന യാത്രയിൽ, എന്നെ കാവി പുതച്ച് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കുക,” ഒരു പോസ്റ്റിൽ ഇയാൾ കുറിച്ചു.