ബംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ.
മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാപ്പപേക്ഷ .
ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മന്ത്രിതന്നെയാണ് കോടതിയെ സമീപിച്ചത്. തമിഴ്ജനതയുടെ വികാരം വൃണപ്പെടുത്തുകയെന്ന ലക്ഷ്യം പ്രസ്താവനയ്ക്കില്ലെന്ന് ജസ്റ്റീസ് ജി. ജയചന്ദ്രന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മന്ത്രി വ്യക്തമാക്കി. താന്‍ സമൂഹമാധ്യങ്ങളിലൂടെ ഖേദപ്രകടനം നടത്തിയെന്നും മന്ത്രി കോടതിയെ അറിയിച്ചു.
തമിഴ്നാടിനെതിരെ നടത്തിയ വിദ്വേഷ പ്രചരണത്തില്‍ കോടതിയില്‍ മാപ്പ് പറയാമെന്ന് നേരത്തെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പേരില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുള്ള തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തി മാപ്പുപറഞ്ഞാല്‍ അവര്‍ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കാമെന്ന് തമിഴ്‌നാട് അഡ്വക്കറ്റ് ജനറല്‍ പി.എസ്. രാമന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉപാധിയോടുള്ള മന്ത്രിയുടെ നിലപാട് അവരുടെ അഭിഭാഷകന്‍ ഹരിപ്രസാദാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ചിനെ അറിയിച്ചത്.
ബെംഗളൂരുവിലെ കഫേയില്‍ മാര്‍ച്ച് ഒന്നിനുണ്ടായ സ്‌ഫോടനത്തിനുപിന്നില്‍ തമിഴ്‌നാട്ടില്‍ പരിശീലനം ലഭിച്ചവരാണെന്നാണ് ശോഭ ആരോപിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മൂക്കിനുതാഴെ കൃഷ്ണഗിരിയിലാണ് പരിശീലനം നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വിദ്വേഷജനകമായ പ്രസ്താവനയുടെപേരില്‍ മധുര ക്രൈംബ്രാഞ്ച് മാര്‍ച്ച് 20-ന് മന്ത്രിക്കെതിരേ കേസെടുത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ നല്‍കിയ ഹര്‍ജിയുടെ വാദമാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത്.