യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപിയ്ക്ക് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കീഴടങ്ങിയതു മുതൽ എംപിയായ അതുൽ റായ് ജയിലിലായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് എം.പിയുടെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്ന് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു. ഇതേ കോടതി നേരത്തെ ജാമ്യം നിരസിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിൽ ഇന്നലെ ഡൽഹിയിലേക്ക് പോകാനും ജനുവരി 31- ന് ജയിലിലേക്ക് മടങ്ങാനും കോടതി അതുൽ റായ്ക്ക് നിർദേശം നൽകിയിരുന്നു. ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതി യുവതിയുടെ ഹർജി ഇന്ന് തള്ളി.
രാഷ്ട്രീയക്കാരൻ തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
കഴിഞ്ഞ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഘോസിയിൽ നിന്നാണ് അതുൽ റായ് മത്സരിച്ചത്. പാർട്ടി മേധാവി മായാവതിയും സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും അതുൽ റായ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. അതുൽ റായ് ബിജെപിയുടെ ഗൂഢാലോചനയുടെ ഇരയാണെന്നും പദ്ധതിയെ പരാജയപ്പെടുത്തേണ്ടത് വോട്ടർമാരുടെ ഉത്തരവാദിത്വമാണെന്നും മായാവതി ആരോപിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതുൽ റായ് വോട്ടർമാരോട് നന്ദി പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ജൂൺ 22- നാണ് എംപി കീഴടങ്ങിയത്.