രത്തന്‍ ടാറ്റയുടെ മൃതസംസ്‌കാരം പാഴ്‌സി മാതാചാരപ്രകാരം; സര്‍ക്കാര്‍ ബഹുമതികളോടെ അന്ത്യയാത്ര

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും രത്തൻ ടാറ്റയുടെ മൃതസംസ്കാരം നടത്തുക. രത്തൻ ടാറ്റയുടെ ഭൗതിക ശരീരം വസതിയിൽ നിന്ന് വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്‌സിലേക്ക് എത്തിച്ചതിനുശേഷം വൈകിട്ട് നാല് മണിവരെ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് നാല് മണിയോടെ വോർളിയിലെ പാർസി ശ്മശാനത്തിൽ മൃതദേഹം എത്തിക്കും.

ഇരുന്നൂറോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ ഹാളിൽ മൃതദേഹം സൂക്ഷിക്കും. തുടർന്ന് 45 മിനിറ്റോളം ഇവിടെ പ്രാർത്ഥനയുണ്ടായിരിക്കും പിന്നീടായിരിക്കും സംസ്‌കാരം നടക്കുക. അതേസമയം പാഴ്സി മതക്കാരനായ രത്തൻ ടാറ്റയുടെ മൃതസംസ്കാര ചടങ്ങുകൾ പൂർണമായും പാഴ്‌സി മതാചാര ചടങ്ങുകളോടെയാവും നടക്കുക.

മൃതസംസ്കാരത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല. ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ലാവോസിലേക്ക് പോയതിനാൽ ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കുക. അതേസമയംമഹാരാഷ്ട്ര സർക്കാർ ആദരസൂചകമായി ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചിരുന്നു. എല്ലാ വിനോദ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

മറ്റ് മത സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങൾ പാലിക്കുന്നവരാണ് പാഴ്സികൾ. മരണാനന്തര ചടങ്ങുകളിലും ഈ വ്യത്യസ്തത നിലനിൽക്കുന്നുണ്ട്. ‘സൊറോസ്ട്രിയനിസം’ എന്ന മതവിശ്വാസമാണ് പാഴ്സികൾ പിന്തുടരുന്നത്. പുരാതന പേർഷ്യയിൽ നിന്ന് ഉത്ഭവിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവ മതങ്ങളിൽ ഒന്നാണ് സൊറോസ്ട്രിയനിസം. അതിൽ ഏകദൈവവിശ്വാസവും ദ്വൈതവാദവും അടങ്ങിയിരിക്കുന്നു. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ വിശ്വാസ സമ്പ്രദായങ്ങളെ സൊറോസ്ട്രിയനിസം സ്വാധീനിച്ചതായി പല പണ്ഡിതന്മാരും വിശ്വസിക്കുന്നുണ്ട്.

‘ദോഖ്മെനാഷിനി’ അഥവാ ‘ടവർ ഒഫ് സൈലൻസ്’ എന്നറിയപ്പെടുന്ന ശവസംസ്‌കാര രീതികളാണ് പാഴ്സികൾ പിന്തുടരുന്നത്. ഈ രീതി പ്രകാരം മൃതദേഹം പരമ്പരാഗത രീതിയിൽ മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ഇല്ല. മറിച്ച് ഭൗതികശരീരം ദാഖ്‌മ (ടവർ ഒഫ് സൈലൻസ്) എന്നറിയപ്പെടുന്ന ഒരു നിർമിതിക്ക് മുകളിലായി കിടത്തും. ഇത്തരത്തിൽ മൃതദേഹം കഴുകന്മാർ പോലുള്ള ശവംതീനികൾക്ക് കാഴ്ചവയ്ക്കുകയാണ് ചെയ്യുന്നത്. അഗ്നിയും ഭൂമിയും വിശുദ്ധമായ ഘടകങ്ങളാണെന്നും അവ മൃതദേഹങ്ങളാൽ മലിനമാക്കരുതെന്നുമാണ് സൊറോസ്ട്രിയനിസത്തിൽ വിശ്വസിക്കുന്നത്. അതേസമയം 1990 ന് ശേഷം ഈ രീതിയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. കഴുകന്മാരുടെ കുറവും മറ്റും പരിഗണിച്ച് മൃതദേഹം വൈദ്യുതി ഉപയോഗിച്ച് കത്തിക്കുന്ന രീതിയും പാഴ്സികളിൽ ചില കുടുംബങ്ങൾ പിന്തുടരുന്നുണ്ട്.