ഇന്ത്യയിലെ വ്യവസായ ഭീമന്‍ വിടവാങ്ങി; രത്തന്‍ ടാറ്റ അന്തരിച്ചു; നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്‍

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. 2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി.

ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28നായിരുന്നു ജനനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ബിരുദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും അദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. മാതൃകമ്പനിയായ ടാറ്റ സണ്‍സിലെ ഏതാണ്ട് 66 ശതമാനത്തോളം ഓഹരികള്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്.