രണ്ടായിരം രൂപയുടെ നോട്ടുകൾ ബാങ്കുകളില്‍ മാറിയെടുക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ ഒക്ടോബര്‍ അവസാനം വരെ ആര്‍ബിഐ സമയം നീട്ടി അനുവദിക്കാൻ സാധ്യത. പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ച് സമയം നീട്ടുമെന്നാണ് സൂചന.
ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.
പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ (3.32 ലക്ഷം കോടി രൂപ മൂല്യംവരുന്ന) 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി സെപ്റ്റംബര്‍ ഒന്നിന് ആര്‍ബിഐ അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് 19ന് ആണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.