പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും പലിശകളില്‍ കൈവെയ്ക്കാവതെ റിസര്‍വ് ബാങ്ക്. അഞ്ചാം തവണയും റിപോ നിരക്ക് 6.50 ശതമാനത്തില്‍ തുടരാന്‍ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്.
നാലാം നിരക്ക് നിര്‍ണയ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്കയറ്റ കാര്യത്തില്‍ പല അനിശ്ചിതത്വങ്ങള്‍ നിലവിലുണ്ടെന്നും അദേഹം പറഞ്ഞു. സെപ്റ്റംബറില്‍ ചില്ലറ വിലക്കയറ്റം കുറയും എന്നു ദാസ് സൂചിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ ഭക്ഷ്യവിലകള്‍ ഉയര്‍ന്നു നില്‍ക്കാന്‍ സാധ്യത ഉണ്ട്.
ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.5 ശതമാനം ആകുമെന്ന എന്ന പഴയ നിഗമനത്തിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. മാറ്റങ്ങള്‍ ഇല്ലാത്ത പണനയം ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വ്യക്തമാക്കുന്നത്. പണനയം പ്രഖ്യാപിക്കപ്പെട്ടതോടെ സെന്‍സെക്‌സും നിഫ്റ്റിയും കുതിച്ച് തുടങ്ങിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12നുള്ള വിവരം അനുസരിച്ച് 0.37 ശതമാനം നേട്ടത്തോടെ 65,871.23 ലാണ് സെന്‍സെക്‌സ്. നിഫ്റ്റിയും 0.38 ശതമാനം നേട്ടം പ്രകടമാക്കി 19,619.75 പോയിന്റിലെത്തി. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും. ആഗസ്റ്റില്‍ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.