Connect with us

NATIONAL

നിലപാട് കടുപ്പിച്ച് ആര്‍ബിഐ, ഇനി മുതല്‍ എല്‍ഒയു നല്‍കില്ല

, 9:21 pm

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതി ആര്‍ ബി ഐ നിര്‍ത്തലാക്കി. എല്‍ഒയു ഉപയോഗിച്ചാണു നീരവ് മോദി ഉള്‍പ്പെടെയുള്ളവര്‍ കോടികളുടെ വായ്പാതട്ടിപ്പു നടത്തിയത്. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയം നിലവിലെ വ്യവസ്ഥകളനുസരിച്ച് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സംവിധാനം തുടരാന്‍ ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്.

ഒരു ബാങ്ക്, തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ ഒ യുവിലൂടെ ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് വേണ്ടിയുള്ള വ്യാപാര വായ്പകള്‍ക് എല്‍ഒയുവും എല്‍ഒസിയും നല്‍കുന്ന രീതി തുടരേണ്ട എന്നാണു ആര്‍ബിഐ നിര്‍ദേശം.

തങ്ങളുടെ ഇറക്കുമതിക്കായി ബാങ്കുകളില്‍ നിന്ന് എല്‍ഒയു ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ വ്യാപാരികള്‍ക്കു തിരിച്ചടിയാകുന്നതാണു തീരുമാനം. പിഎന്‍ബി തട്ടിപ്പിനു പിന്നാലെ ചില ബാങ്കുകള്‍ എല്‍ഒയു നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു.