ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ നടത്തിയ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഥുറാം ഗോഡ്‌സെ ചെയ്തതു പോലെ പ്രഗ്യ താക്കൂർ അക്രമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
“അതെ, ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഞാൻ ട്വിറ്ററിൽ എഴുതിയതിനൊപ്പം നിൽക്കുന്നു,” പ്രഗ്യ താക്കൂറിനെ “തീവ്രവാദി” എന്ന് വിളിച്ച പ്രസ്താവനയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.
പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് “അത് കുഴപ്പമില്ല. ഒരു കുഴപ്പവുമില്ല. അവർ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലും ഞാൻ സ്വാഗതം ചെയ്യുന്നു.” എന്ന് രാഹുൽ ഗാന്ധി ഉത്തരം നൽകി.
ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി പ്രഗ്യ താക്കൂറിനെതിരെ ആഞ്ഞടിച്ചു, പ്രഗ്യ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഉള്ളിലിരിപ്പ് പ്രകടിപ്പിച്ചുവെന്നും അത് മറച്ചു വെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദി പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിൽ ദുഃഖകരമായ ദിവസമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഗോഡ്‌സെ പരാമർശത്തിൽ ഭോപ്പാൽ എംപി പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ മാപ്പ് പറഞ്ഞു. എന്നാൽ ഗോഡ്സെയെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചതായി അവർ പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനം മറ്റൊരു പശ്ചാത്തലത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.