ജനസംഖ്യാ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് പറഞ്ഞ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടി നല്‍കി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. രാജ്യം നേരിടുന്ന യഥാര്‍ഥപ്രശ്‌നം തൊഴിലില്ലായ്മയാണെന്നും ജനസംഖ്യയല്ലെന്നും ഉവൈസി തുറന്നടിച്ചു.നിസാമാബാദില്‍ നടന്ന പൊതുയോഗത്തിലാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്
“നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. എനിക്ക് രണ്ടിലേറെ കുട്ടികളുണ്ട്. ഒരുപാട് ബി.ജെ.പി നേതാക്കള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ട്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്നത് ആര്‍.എസ്.എസ് എല്ലായ്‌പ്പോഴും ആവശ്യപ്പെടാറുണ്ട്്. എന്നാല്‍ ജനസംഖ്യയല്ല തൊഴിലില്ലായ്മയാണ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നം,” ഉവൈസി പറഞ്ഞു.
രാജ്യത്ത് എത്ര യുവാക്കള്‍ക്ക് നിങ്ങള്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മ കാരണം 2018ല്‍ ദിവസവും 36 യുവാക്കളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആര്‍ക്കും തൊഴില്‍ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് രണ്ടു കുട്ടി നയവുമായി ആര്‍.എസ്.എസ് വരുന്നതെന്നും ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നടന്ന പരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ആര്‍.എസ്.എസ് നയങ്ങളെ കുറിച്ച് നേതാക്കളോട് വിശദീകരിക്കുകയായിരുന്നു ഭാഗവത്. ഇതിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.