ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശിപാര്‍ശ; പ്രതിഷേധിച്ച് പ്രതിപക്ഷം

രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശിപാര്‍ശ. പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിച്ചത്. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. ആധാറും വോട്ടര്‍ ഐ.ഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ഒറ്റ വോട്ടര്‍പട്ടിക എന്ന് ആശയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. തീരുമാനം നടപ്പിലാകുകയാണ് എങ്കില്‍ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍പട്ടികയാവും ഉണ്ടാവുക.

നിലവില്‍ ദേശീയ തിരഞ്ഞെടുപ്പ കമ്മീഷന്‍ ആണ് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്. ഈ രീതിക്ക് പകരം ഒരു വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പും അതിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് പുതിയ ശിപാര്‍ശയില്‍ പറയുന്നത്.അതേ സമയം കേന്ദ്രത്തിന്റെ തീരുമാനത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് അവര്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ ഈ നീക്കം അപകടകരമാണെന്നും പ്രതിപക്ഷം പറഞ്ഞു.

Read more

ലോക്സഭയിലെയും നിയമസഭയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തും എന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പുകള്‍ പ്രത്യേകം നടത്തുമ്പോള്‍ മനുഷ്യാദ്ധ്വാനവും സാമ്പത്തികച്ചെലവും ഇരട്ടിയാകുമെന്നാണ് ഈ വാദത്തെ പിന്തുണയ്ക്കുന്നതിനായി ബിജെപി ചൂണ്ടിക്കാണിച്ചത്. രണ്ട് വ്യത്യസ്ത ഏജന്‍സികള്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ പേരുകളും ചെലവും ഇരട്ടിക്കുന്നുവെന്നും കേന്ദ്രം പറയുന്നു.