'ഡ്യൂട്ടിക്കിടെ കുട്ടി കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ്'; വൈറലായി വീഡിയോ, പിന്നാലെ നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ കുട്ടി കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് വീഡിയോ വൈറൽ ആയതിന് പിന്നാലെ ആറ് നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ സർക്കാർ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഞ്ജലി, കിരൺ സിംഗ്, അഞ്ചൽ ശുക്ല, പ്രിയ റിച്ചാർഡ്, പൂനം പാണ്ഡെ, സന്ധ്യാ സിംഗ് എന്നീ നഴ്സുമാർക്കാണ് സസ്പെന്ഷൻ.

ഡ്യൂട്ടിക്കിടെ കുട്ടി കുരങ്ങനൊപ്പം കളിക്കുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആശുപത്രിയിലെ കസേരയിലിരുന്നു നഴ്സുമാര്‍ കുരങ്ങനെ കളിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സഞ്ജയ് ഖത്രിയാണ് ജൂലൈ 5 ന് ആറ് പേരെയും സസ്‌പെൻഡ് ചെയ്തത്.

നഴ്‌സുമാർ തങ്ങളുടെ ജോലിസമയത്ത് കുരങ്ങിനെ ഉപയോഗിച്ച് റീൽ ഉണ്ടാക്കുന്നതും അവരുടെ ചുമതലകൾ അവഗണിക്കുന്നതും കാണിക്കുന്ന വൈറലായ വീഡിയോ ആശുപത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. അന്വേഷണ സമിതി വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തും, സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ നഴ്സുമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും സഞ്ജയ് ഖത്രി പറഞ്ഞു.

ആശുപത്രിയിലെ ഗൈനക്കോളജി, ഒബ്സ്റ്റട്രിക്‌സ് വിഭാഗത്തിലെ നഴ്സുമാരാണ് ഡ്യുട്ടിക്കിടെ കുരങ്ങനുമായി കളിക്കുന്ന റീല്‍സ് ചിത്രീകരിച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആറ് പേരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

Read more