സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം; അല്ലാത്തവര്‍ക്ക് ശമ്പളമില്ലെന്ന് യോഗി ആദിത്യനാഥ്; കടുത്ത നടപടികളുമായി യുപി

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സ്വത്ത് വിവരം വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസത്തിനുള്ളില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാണ് ജീവനക്കാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഈ ഉത്തരവിറക്കിയത്.

എന്നാല്‍, സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ 30 ശതമാനത്തോളം ജീവനക്കാര്‍ തയാറായിട്ടില്ല. ഇൗ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. റവന്യു, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് മടിച്ചു നില്‍ക്കുന്നത്. ടെക്സ്റ്റൈല്‍, സൈനിക ക്ഷേമം, ഊര്‍ജം, കായികം, കൃഷി, വനിതാ ക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് വിവരങ്ങള്‍ നല്‍കാന്‍ കൂടുതലായി മുന്നോട്ടു വന്നിട്ടുള്ളത്.

Read more

ഉത്തര്‍പ്രദേശില്‍ ആകെ 8,46,640 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഇതില്‍ 6,02,075 പേരാണ് സ്വത്ത്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മാനവ് സമ്പദ എന്ന വെബ്സൈറ്റ് വഴിയാണ് ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജീവനക്കാരുടെ സ്ഥാവര,ജംഗമ സ്വത്തുക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.