ആർഎസ്എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്‌ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
2014ൽ ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിലാണ് രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്. ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമർശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹർജി. രാഹുലിന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൻതെയുടെ പരാതി.
Read more
2015ൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ശേഷം രാഹുൽ മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. 2023ൽ പരാതിക്കാരൻ കൂടുതൽ രേഖകൾ ഹാജരാക്കിയത് എതിർത്ത രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടാണ് രേഖകൾ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ വാദിച്ചു. ഈ ഹർജിയിലാണ് ഇപ്പോൾ രാഹുലിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.