ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. വിവിധ മത, രാഷ്ട്രീയ പരിപാടികളില്‍ വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടിയതും ഇടകലര്‍ന്നതും രോഗവ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. പ്രതിവാര കോവിഡ് അവലോകനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം പറയുന്നത്.
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ നിരവധി കാരണങ്ങളാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രധാന കാരണമായാണ് രാഷ്ട്രീയ, മതപരമായ പരിപാടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് വ്യാപനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരെ പലരും വീഴ്ച വരുത്തി. ഇതിന് പുറമേ വര്‍ദ്ധിച്ച തോതിലുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിദ്ധ്യവും വ്യാപനത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഈ കാരണങ്ങളുടെ പങ്കിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞമാസമാണ് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് ദൃശ്യമായത്. ഇതിന് പുറമേ അടുത്തിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തകളായി പുറത്തു വന്നിരുന്നു.
കോവിഡ് കേസുകള്‍ ഉയരുന്നതിലും മരണസംഖ്യ വര്‍ദ്ധിക്കുന്നതിലും പ്രധാന കാരണം ബി.1.617 എന്ന മാരക വൈറസ് വകഭേദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ സാന്നിദ്ധ്യം സംബന്ധിച്ചും മറ്റു വകഭേദങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറിലാണ് ബി.1.617 വകഭേദത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതാകാം കോവിഡ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗത്ത് -ഈസ്റ്റ് ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനവും 93 ശതമാനം മരണവും ഇന്ത്യയിലാണ്. ആഗോളതലത്തിലും മൊത്തം 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അയല്‍രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.