നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണതായി സ്ഥിരീകരണം; യാത്രക്കാരാരും രക്ഷപ്പെട്ടില്ലെന്ന് സൂചന

നേപ്പാളിൽ യാത്രാമധ്യേ തകർന്നു വീണ ചെറു വിമാനത്തിലെ യാത്രക്കാരാരും രക്ഷപ്പെട്ടില്ലെന്ന് സൂചന. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. മൂന്ന് ക്രൂ അം​ഗങ്ങളും 19 യാത്രക്കാരും ഉൾപ്പെടെ 22 പേരാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. 4 ഇന്ത്യക്കാരെ കൂടാതെ മൂന്നു പേർ ജപ്പാൻ പൗരന്മാരും 13 നേപ്പാൾ സ്വദേശികളും വിമാനത്തിലുണ്ട്.

യാത്രക്കാരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നീ മുംബൈ സ്വദേശികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാല് പേരുമെന്നാണ് വിവരം.

Read more

സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൻറെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.