അമേഠിയിലും റായ്‌ബേറിയിലും 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തിന്റെ കുത്തകയെന്ന നിലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ലോക്‌സഭ മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബേറിയും. ഇരു മണ്ഡലങ്ങളിലും ഉടന്‍തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇതിനായി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചുമതലപ്പെടുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകുമെന്നും ജയറാം രമേശ് അറിയിച്ചു. ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2004 മുതല്‍ സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച് വന്നിരുന്ന റായ്‌ബേറിയില്‍ ഇത്തവണ പ്രിയങ്ക ഗാന്ധിയെ പരിഗണിക്കാനും ചര്‍ച്ചകള്‍ നടക്കുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സോണിയ ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ല. അതേസമയം അമേഠിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.