പരസ്യ വരുമാനത്തിനായി റേറ്റിംഗിൽ കൃത്രിമത്വം കാണിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളിൽ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും ഉൾപ്പെടുന്നുവെന്ന് മുംബൈ പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വാർത്താ ചാനലുകളിൽ ഏറ്റവും കൂടുതൽ ടിആർപി അഥവാ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ അവകാശപ്പെടുന്ന റിപ്പബ്ലിക് ടിവിയിലെ ഉദ്യോഗസ്ഥരെ ഇന്നോ നാളെയോ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ വാർത്താ പ്രവണതകളിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള ഒരു വലിയ വിശകലനത്തിന്റെ ഭാഗമായാണ് അന്വേഷണം, പ്രത്യേകിച്ചും സുശാന്ത് സിംഗ് രാജപുത് കേസുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ എങ്ങനെ പ്രചരിപ്പിച്ചുവെന്നും അന്വേഷിക്കുന്നതായി മുംബൈ പൊലീസ് പറഞ്ഞു. വിവരം കേന്ദ്ര സർക്കാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ, പരസ്യദാതാക്കളിൽ നിന്ന് ലഭിക്കുന്ന ഫണ്ട്, കൂടാതെ കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണോ ഫണ്ട് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് മുംബൈ പൊലീസ് മേധാവി പരമ് ബീർ സിംഗ് പറഞ്ഞു. കൂടുതൽ ചാനലുകളെയും അന്വേഷണത്തിന് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന ഏറ്റവും വലിയ പേര് റിപ്പബ്ലിക് ടിവിയുടേതാണ്. റിപ്പബ്ലിക് ടിവിയുടെ ഡയറക്ടർമാരെയും പ്രൊമോട്ടർമാരെയും റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമാക്കിയിട്ടുണ്ട് എന്ന് പരമ് ബീർ സിംഗ് പറഞ്ഞു.
Read more
“ചാനലിൽ ഉൾപ്പെട്ടിരിക്കുന്ന ആരും, എത്ര ഉന്നതരായാലും, എത്ര മുതിർന്നവരായാലും ചോദ്യം ചെയ്യപ്പെടും, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ അവർ അന്വേഷിക്കപ്പെടും. എത്ര മുതിർന്നവരാണെങ്കിലും ആരും രക്ഷപ്പെടില്ല,” അന്വേഷണത്തിൽ റിപ്പബ്ലിക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ഉൾപ്പെടുമോയെന്ന ചോദ്യത്തിന് പൊലീസ് മേധാവി പറഞ്ഞു.