സുനന്ദയുടെ മരണം: തരൂരറിയാതെ വാര്‍ത്തയരുത്; 'നിശബ്ദത അവകാശമാണ്'; അര്‍ണാബിന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്

സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളോ സംവാദങ്ങളോ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ അനുവാദം വാങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി ശശിതരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി. നിശ്ബദനായിരിക്കാനുള്ള ഒരാളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് അയാളെക്കൊണ്ട് നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സുനന്ദപുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിനെതിരെ തരൂര്‍ തന്നെയാണ് കഴിഞ്ഞ ആഗസ്തില്‍ കോടതിയെ സമീപിച്ചിരുന്നത്. വിഷയത്തില്‍ തരൂരിന്റെ അനുവാദമില്ലാതെ ഒരു വാര്‍ത്തപോലും നല്‍കരുതെന്നും ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി.

ശശിതരൂരിനെ വേട്ടയാടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിെജപിയുടെ രാഷട്രീയ പകപോക്കലാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ജനുവരി 14 നാണ് സുന്ദപുഷ്‌ക്കറിനെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച നിലവില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ വിധി.