പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചാനലിന്റെ റേറ്റിംഗ് ഉയർത്താൻ കാഴ്ചക്കാർക്ക് പണം നൽകി എന്ന ആരോപണത്തെ ക്കുറിച്ചുള്ള അന്വേഷണത്തിൽ റിപ്പബ്ലിക് ടി.വിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ മുംബൈ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പൊലീസ് ഇദ്ദേഹത്തിന് സമൻസ് അയച്ചിട്ടുണ്ട്.
റേറ്റിംഗിൽ കൃത്രിമത്വം കാണിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളിൽ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും ഉൾപ്പെടുന്നുവെന്ന് മുംബൈ പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച പുറത്തുവന്ന അഴിമതി ആരോപണത്തിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്ന റിപ്പബ്ലിക് ടി.വിയുടെ ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുന്ദരം എസ്. ചില ചാനലുകൾ റേറ്റിംഗിൽ കൃത്രിമം കണിച്ചതായി ടി.വി ചാനലുകളുടെ റേറ്റിംഗ് വിലയിരുത്തുന്ന ഒരു ഏജൻസി വെളിപ്പെടുത്തിയാതായി മുംബൈ പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം റിപ്പബ്ലിക് ടി.വി ആരോപണങ്ങളെ ശക്തമായി എതിർത്തു. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാലുള്ള പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ചാനൽ പറയുന്നത്.