ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്നും പുറത്തെത്തിക്കാനാകില്ല. സില്‍കാര ടണലിലെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഇതോടെ ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയാണ്.
ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 41 തൊഴിലാളികളാണ് പതിമൂന്ന് ദിവസമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നിലവില്‍ 50 മീറ്റര്‍ വരെയാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ച് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
Read more
കമ്പികളും സ്റ്റീലും മുറിച്ച് മാറ്റിയാല്‍ മാത്രമേ ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഫല പ്രാപ്തിയിലെത്തിയാല്‍ തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് പദ്ധതി.