വടക്കന്‍ ഡല്‍ഹിയില്‍ വിവിധ ഫാക്ടറികളിലായി ബാലവേല ചെയ്തിരുന്ന 73 കുട്ടകളെ രക്ഷപ്പെടുത്തി. സഹ്യോഗ് കെയര്‍ ഫോര്‍ യു എന്ന ശിശുക്ഷേമ സംഘടനയും, നരേലയിലെ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവിടങ്ങളില്‍ കുട്ടികളെ എത്തിച്ച ശേഷം പ്രതിദിനം 50-100 രൂപ വരെ വേതനം നല്‍കി ഇവരെ കൊണ്ട് പണി എടുപ്പിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റി.
ഒമ്പത് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍. 38 പെണ്‍കുട്ടികളും 35 ആണ്‍കുട്ടികളുമാണ് രക്ഷപ്പെടുത്തിയവരില്‍ ഉള്ളത്.
കൂടതല്‍ കുട്ടികളെയും കൊണ്ടുവന്നിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നും, ബിഹാറില്‍ നിന്നുമാണ്.
നോര്‍ത്ത് ഡല്‍ഹിയിലെ ബവാനയിലെ പോളിഷിംഗ്, കളിപ്പാട്ടം, ഫാന്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ 15 മണിക്കൂര്‍ വരെ കുട്ടികള്‍ ജോലി ചെയ്തിരുന്നതായാണ് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സംഘം വെളിപ്പെടുത്തിയത്. അതിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. പുറത്തിറങ്ങാന്‍ പോലുംഇവരെ അനുവദിച്ചിരുന്നില്ല.
17,000 രൂപ മാസ ശമ്പളത്തില്‍ ഫാക്ടറിയില്‍ നല്ല ജോലി വാഗ്ദാനം ചെയ്താണ് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്നെല്ലാം കുട്ടികളെ എത്തിച്ചിരുന്നത്. ഇതിന് ശേഷം ബവാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കൂളര്‍ പമ്പ് നിര്‍മാണ ഫാക്ടറിയില്‍ 50-100 രൂപ ദിവസ വേതനത്തില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും സ്‌കൂള്‍ അടച്ചുപൂട്ടലും കാരണം ഒരു തലമുറയിലെ കുട്ടികള്‍ തന്നെ അപകടത്തിലാണെന്ന് സഹ്യോഗ് കെയര്‍ ഫോര്‍ യു ഡയറക്ടര്‍ ശേഖര്‍ മഹാജന്‍ പറഞ്ഞു. ഫാക്ടറി ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.